Saturday, July 14, 2012

പ്രണയം



അറിയില്ലെനിക്കു എന്നു നീ എന്ന-
കതാരിനുള്ളില്‍ ഇടം പിടിച്ചു
അറിയില്ലെനിക്കു നീ എന്നെന്നാ -
ത്മാവിനുള്ളില്‍ അലിഞ്ഞു ചേര്‍ന്നു

അകലമൊരുപാടെന്നറിഞ്ഞിട്ടും
അടുത്തു നീയെന്നോട്‌  ഞാനറിയാതെ 
അടുക്കരുതെന്നു ഞാന്‍ വിലക്കിയിട്ടും
ആശിച്ചെന്‍  മനം  നിന്റെ  സാമീപ്യത്തിനായ് 

നീയെന്നടുത്തുള്ളപ്പോള്‍ ഞാനറിഞ്ഞു
അന്നുവരെയില്ലാത്തൊരു സുരക്ഷിതത്വം
നിന്റെ വാക്കുകള്‍  എന്‍  മുറിവുകളില്‍
ഒരു അമൃതായി മെല്ലെ പടര്‍ന്നിറങ്ങി

കാത്തിരുന്നെന്നും  നീ കണ്‍മിഴി പൂട്ടാതെ
കാലത്ത് ഞാന്‍ വരുന്നതും നോക്കി
പ്രണയമേന്തെന്നു  ഞാന്‍ അറിഞ്ഞാദ്യമായ്
എന്റെ കരതലം അന്നു നീ ഗ്രഹിച്ചപ്പോള്‍

സ്നേഹിക്കുന്നെന്നു നീ മന്ത്രിച്ചു എന്‍ കാതില്‍
ഒരായിരം വട്ടം ഓരോ നാളും
അന്യനാകുമൊരുനാള്‍ എന്നറിഞ്ഞിട്ടും
പ്രണയിച്ചു പോയി ഞാന്‍ നിന്നെ ഏറെ

ഊണിലും ഉറക്കത്തിലും ഞാന്‍ അറിയാതെ
നിന്റെ നാമം എന്‍ ചൊടികളെ പറ്റി നിന്നു
ഒരായുസ്സ് മുഴുവന്‍ നിന്നെ കൊതി തീരെ സ്നേഹിക്കാന്‍
എത്ര മേല്‍ ഞാന്‍ മോഹിച്ചിരുന്നു

അകലാന്‍ സമയമായെന്ന് നീ മൊഴിഞ്ഞപ്പോള്‍
അരുതേ എന്ന് പറയാന്‍ എനിക്കായില്ല
അരുവിയായോഴുകിയ അശ്രുധാരയാല്‍ നിനക്ക്
അകമഴിഞ്ഞാശംസ അര്‍പ്പിക്കാനെ ആയുള്ളൂ


 
അകലേക്ക്‌ അകലേക്ക്‌ നീ അടര്‍ന്നു പോയപ്പോള്‍
അടക്കി പിടിച്ചു ഞാനെന്‍ ആത്മാവിന്‍ നൊന്പരം
നിന്റെ ഒരു വാക്ക് കേള്‍ക്കാന്‍ ഞാനെത്ര കൊതിച്ചു     
നിന്നോട് ഒരു വാക്ക് മിണ്ടാതെ ഞാനെത്ര നീറി പുകഞ്ഞു

ഇന്നുമെനിക്ക്‌  കൂട്ടായുണ്ട്  നിന്നോര്‍മകള്‍
നീ എന്‍ കാതില്‍ മന്ത്രിച്ച പ്രണയഗീതങ്ങളും
കാത്തിരിക്കുന്നു ഞാന്‍ ഇനി ഒരു ജന്മത്തിനായ്
ഒരായുസ്സ് മുഴുവന്‍ നിന്നോടൊത്തു ജീവിക്കുവാന്‍